Saturday, 19 October 2013

സസ്നേഹം സ്വാമി .

ഐസക്,

ഈ കൈപ്പട നിനക്കപരിചിതമായിരിക്കാം ,എങ്കിലും സ്വാമിയെന്ന പേര് മറന്നിട്ടുണ്ടാവില്ലെന്നു കരുതട്ടെ !
ഭയപ്പെടേണ്ട . ഈ കത്ത് നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !
ഓർക്കുന്നുണ്ടോ ചന്ദ്രയെ, അതോ മനപ്പൂർവ്വം വിസ്മരിച്ചോ ?
ഇല്ലയ്സ്സക് , എനിക്കുറപ്പുണ്ട്  നിനക്കതിനു സാധിക്കില്ല ! കാരണം അവൾക്കു നീ ആരായിരുന്നെന്ന്  മറ്റാരെക്കാളും നന്നായെനിക്കറിയാം . പക്ഷെ നീ .....

പലപ്പോഴും വിലക്കിയിരുന്നു ഞാൻ , എന്നിട്ടുമവളിൽ  ഇത്തികണ്ണിയെന്നപോൽ നീ പടർന്നു കയറിയ  നിമിഷം എന്നിലെ ചന്ദ്രയെ നഷ്ടമാവാതിരിക്കാൻ അവളിലെ മോഹങ്ങൾക്ക്‌ ഞാനും മൗനമായി വഴിമാറി .
അവിടെയാണയ്സ്സക് നീ ആദ്യമായെന്നെ പരാചിതനാക്കിയത്.
ചന്ദ്രയെനിക്ക് വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല - അതിനുമതിനുമപ്പുറമെന്തൊ ... ആ വിചിത്രമായ അനുഭൂതിയെന്തെന്ന് ഇന്നും ഞാൻ അറിയാതെ പോയി !

ഒടുക്കം നീ അവളെയും വലിച്ചെറിഞ്ഞു !
രസകരമായൊരു തമാശകഥ പോലെ .

ഇല്ല , ഇനിയുമീ വ്രണം പടർന്ന ഓർമ്മകളിലെ പുണ്ണ് ചികഞ്ഞെടുക്കുന്നില്ല ഞാൻ . കാരണം ഇത് നിന്റെ നേട്ടങ്ങളുടെ കത്താണ് !

ഏറ്റവും  സന്തോഷമായോന്നു പറയട്ടെ ? ഹൃദയം കൊതിക്കുന്ന വാർത്ത?
"വിഷാതരോഗിയായ  അവൾ  ഇന്നലെയൊരു സാരിതുമ്പിൽ ജീവൻ വെടിഞ്ഞു !
 ഭയപ്പെടാതെ ജീവിച്ചോളൂ - അടഞ്ഞ വാതിലുകളിൽ ആഞ്ഞു മുട്ടാൻ ഇനിയവളില്ല." ഒടുക്കം അവിടെയും നീ വിജയിച്ചു , വീണ്ടും വിഡിയാക്കപ്പെട്ടത്  ഞാൻ മാത്രം !

ഒരുപക്ഷെ ഈ കത്തിലൂടെ കണ്ണോടിക്കാൻ നീ ശേഷിക്കില്ലായിരുന്നു - അതും ചന്ദ്രയുടെ തമാശയാണയ്സ്സക് .
ഒരിക്കലും നിന്നെ വ്രണപ്പെടുത്താതിരിക്കാൻ   അവളെന്നെ കൊണ്ട് സത്യവും ചെയ്യിച്ചിരുന്നു ... അവൾക്കു നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരേക്കും ഞാൻ തകർത്തിട്ടില്ല. ഇനിയുണ്ടാവുകയുമില്ല .

നിനക്കെന്നെ പൂർണ്ണമായും വിശ്വസിക്കാം - ഇനിയൊരിക്കലും ഒന്നും നിന്നെ പിൻതുടരുകയില്ല . ഒരു കത്തു പോലും ...

കാരണം ഇതു നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !

സസ്നേഹം
സ്വാമി .

Wednesday, 9 October 2013

മിഴി രണ്ടിലും


വരച്ചു തീർന്നപ്പൊൾ യഥാർത്ഥ ചിത്രത്തെക്കാൾ വലിയ വ്യത്യാസം വന്നു . കുറെ തെറ്റുകലുണ്ടെങ്കിലും പൂർണ്ണതയില്ലെങ്കിലും update ചെയ്യട്ടെ


ശരിയായ ചിത്രത്തോട് തീരെ സാമ്യമില്ലാത്തത് കൊണ്ട് ഒപ്പം വയ്ക്കുന്നില്ല! :) ......
:)

Monday, 7 October 2013

(അ) നീതിമാനായ (അയോധ്യാധി)പതിനാം എന്നും അങ്ങിനെയാണ് !
പൗർണ്ണമിക്കു  മറവിലെ അമാവാസിയെ പാൽ നിലാവ് കൊണ്ട് മറച്ചു പിടിക്കും . ശേഷം നിർമ്മലതയുടെ പളുങ്കു സൗദങ്ങൾക്കുള്ളിൽ കുടിയിരുത്തി ബാവുൾ ഗീതകങ്ങളാൽ വാഴ്ത്തി പാടും !


യാഥാർത്യത്തിൽ  ആരായിരുന്നു ശ്രീ രാമചന്ദ്രൻ ?

നീതിമാനായ അയോധ്യാധിപനോ അതോ ധർമ്മ പത്നിയോട് പോലും അനീതി പ്രകടമാക്കിയ ശിലാ  വിഗ്രഹമോ ?

സൂര്യ വംശജനായ ദശരഥൻറെയും പത്നി കൗസല്യയുടെയും പ്രിയ പുത്രൻ., പ്രജാതൽപരൻ ,ത്യാഗമെന്ന രണ്ടക്ഷരത്തിൻറെ ജ്വലിക്കുന്ന നേർചിത്രം ! രണകണങ്ങളിലെ ചുവന്ന രക്താണുക്കളെന്ന പോൽ  എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര വിശേഷണങ്ങൾ പാരാവാരം പോലെ പടര്ന്നു കിടപ്പുണ്ട് !
ഒരു പക്ഷെ ടെലിവിഷൻ പരമ്പരകളിലൂടെയും കീർത്തി സ്ഫുരിക്കുന്ന രാമായണ കഥാ തന്തുക്കളിലൂടെയും മാത്രം രാമനെ നോക്കി കണ്ട നമുക്ക് ചില  വാസ്തവങ്ങൾ എന്നും കയ്ക്കുക തന്നെ ചെയ്യും .

പരിശുദ്ധയാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും  പൂർണ്ണ ഗർഭിണിയായ സ്വപത്നിയെ വനമധ്യത്തിൽ ഉപേക്ഷിക്കപെടുന്നതാണോ നീതി ? അതിനെയാണോ നാം ത്യാഗമെന്ന ലേബൽ നല്കി കാലമിത്രയും വാഴ്ത്തി പാടിയത് ?കേവലം ഒരു പ്രജയെന്ന പരിഗണന പോലും നൽകാതെ, വിചാരണകളോ,വിശദീകരണങ്ങളോയില്ലാതെ അവൾ അവഗണിക്കപ്പെട്ടു! ഒപ്പം നീതിയുടെ കവാടങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടഞ്ഞു  ! ഊണിലും ഉറക്കത്തിലും പാതിവ്രത്യം പുലർത്തിയതിൻറെ മൃകീയമായ ശിക്ഷ , അഥവാ 'കാട്ടു നീതിയുടെ'  നീതി യുക്തമായ നടപടി ! അതിനും വിശദീകരണമുണ്ട് -  പ്രജാതൽപരനായ രാമൻ ജനഹിതം മാനിച്ചു ജാനകിയെ പോലും ഉപേക്ഷിക്കുവാൻ ഉപേക്ഷ വരുത്തിയില്ലത്രേ. തങ്ങളുടെ ഹിതത്തിനും അഹിതത്തിനുമധിഷ്ടിതമായി  വാതങ്ങൾ നിരത്തി വളച്ചൊടിക്കുന്ന  സമൂഹത്തിൻറെ മുറവിളികൾ , അക്ഷരംപ്രതി ശിരസാവഹിക്കുകയും തൻറെ പ്രതിഛായയിൽ ആശങ്കാകുലനാവുകയും ചെയ്യുന്ന ഭരണാധികാരി എങ്ങിനെയാണ് ഉത്തമമായ  ഭരണതന്ത്രങ്ങൾ കൈക്കൊള്ളുക ?

ഏകപത്നി വ്രതമനുഷ്ടിച്ചിട്ടും ധർമ്മ പത്നിയോട് അനീതി പുലർത്തിയ കീർത്തിമാനായ പതി! സമൂഹത്തെ  ഭയന്നു മനസാക്ഷിയുടെ കണ്ണുകൾ അടച്ചു കെട്ടുന്നതിൽ ,മഹാവിഷ്ണുവിൻറെ ആര്യവംശജനായ  അവതാരപുരുഷൻ ഒട്ടും തന്നെ ജാള്യത പ്രകടമാക്കിയില്ലെന്നത് പ്രത്യക്ഷമായ രഹസ്യമാണ് .

ഉപേക്ഷിക്കപെട്ട ശേഷം ഒരിക്കലെങ്കിലും രാമൻ ജാനകിയെ കുറിച്ച്
തിരക്കിയറിഞ്ഞിരുന്നതായി അധ്യാത്മ രമായണത്തിലോ അനുബന്ധ കൃതികളിലോ രേഖപ്പെടുത്തിയതായി ഓർക്കുന്നില്ല. അഥവാ ഒരിക്കലെങ്കിലും അതെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ രാഘവൻ, സ്വപുത്രന്മാർക്കു ജീവിച്ചിരിക്കെ പിതൃ വിയോഗം  പ്രധാനം ചെയ്യുമായിരുന്നില്ലല്ലൊ ? ഒടുക്കം അഗ്നി പരീക്ഷയും നടത്തി വിശുദ്ധി വെളിവാക്കിയ ജനക പുത്രി ജാനകി ജനനിയിലേക്ക് തന്നെ ആഴ്ന്നിറങ്ങേണ്ട ഗതികേട് വരുത്തി കൂട്ടിയതും രാമൻ തന്നെ ! തന്റെ  പാതിവ്രത്യ ശുദ്ധിയിൽ ആകുലനായ പതിയെക്കാൾ എന്താണ് ഒരു സ്ത്രീ പേറെണ്ട ത്യാഗം ?

പുരാണങ്ങളിലെ സ്ത്രീകൾ സഹനശേഷിയുടെ തീരാകയങ്ങളിൽ  ആത്മഹൂതി  ചെയ്യുന്നവരാണ് ! യഥാർത്ഥ സ്ത്രീ അങ്ങിനെയാണോ ? അതോ അവളുടെ വൈരാഗ്യാഗ്നിയെ അലിഞ്ഞില്ലാതാക്കുവാനുള്ള ഉപാധിയോ ഈ ത്യാഗിനിയെന്ന പ്രയോഗം  ? അവിടെയും സ്ത്രീക്ക് നീതി ലഭിച്ചുവോ ?

എങ്കിൽ പറയൂ എവിടെയാണ് കൗരവ സഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയുടെയും, പതീവിയോഗത്തിൽ നീതി നിഷേധിക്കപ്പെട്ട  കണ്ണകിയുടെയും ഇരിപ്പിടങ്ങൾ ? എവിടെയാണ് വേശ്യാലയത്തിലേക്ക് സ്വന്തം പതിയെ വഴികാട്ടേണ്ടി  വന്ന ശീലവതിയുടെയും, സ്വയം വര വേളയിൽ സ്വയം അപമാനിതയായ അംബയുടേയുമെല്ലാം സ്ഥാനം ? പറയൂ പുരാണങ്ങളിലോ അതോ അതിനുമപ്പുറമെവിടെയെങ്കിലുമൊ?

ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്ന പോൽ മൗനിയായ രാമനാൽ അവഗണിക്കപ്പെട്ടവളാണ് സീത .ഇനിയും ഓരോ കറുത്ത ഏടുകൾക്കും നാം സ്വയം ന്യായങ്ങൾ മെനഞ്ഞെടുത്തു കൊണ്ടേയിരിക്കും !

ഈ രാമരാജ്യത്തിന് വേണ്ടിയോ നാം പോർക്കളങ്ങൾ പടുത്തുയർത്തുന്നത്‌? വീണ്ടും വീണ്ടും ബാബറികൾ തച്ചുടച്ചു അയോധ്യകൾ പുനരാവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്നത്?
തീർച്ചയില്ല!!!

ഇനിയും രാമായണ പുണ്യം തേടി നാലമ്പല ദർശനം പ്രാപ്തമാക്കുമ്പോൾ ഈ കൈപ്പുനീരോക്കെയും  കണ്Oമറിയാതെ നാം വിഴുങ്ങിയെന്നിരിക്കും !
പഞ്ഞ കർക്കിടകത്തിൻറെ വരൾച്ച മായ്ക്കാൻ ഇനിയുമീ കൈകൾക്കിടയിലൂടെ രാമായണത്തിൻറെ ഏടുകൾ മറഞ്ഞെന്നുമിരിക്കും. എപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!

Sunday, 6 October 2013

പരിണാമം


ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .

"ഈ  ശിരസ്സ്‌  തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു  . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ്‌ വലിയ ബുദ്ധിമുട്ട് തന്നെ !  "

ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .

"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ  എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു   "

എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?

ഹേമന്തത്തിൽ നിന്ന്  ശിശിരത്തിലേക്ക്  രക്ഷപ്പെട്ടെത്തിയ പരധൂഷണ  കാറ്റു  പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!

നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -

" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ്‌  ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"

കിംവദന്തി  കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .

"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?" 

"അതിന്റെ ഉത്തരാമാണ് പരിണാമം "

മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ  ആശാന്റെ  നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!

സാക്ഷി

 പകൽ മാന്യതയഭ്യസിക്കണോ ?
പകൽ 'നീ'യും
രാത്രി 'ഞാൻ' തന്നെ-
യുമാവുന്ന ജാലവിദ്യ !
എങ്കിൽ വെളിച്ചത്തെ
ഇരുട്ടാക്കിയ ശേഷം ,
ഇരുട്ടിനെ വെളിച്ചമാക്കൂ !
അപ്പോളറിയാം -
വെളിച്ചത്തിന്റെ ഇരുട്ടും ,
ഇരുട്ടിലെ വെളിച്ചവുമറിയുന്ന
കാലൻ കോഴിയുടെ സാക്ഷ്യങ്ങൾ !

Wednesday, 2 October 2013

മനുഷ്യ സൂപ്പ്
ചേരുവകൾ

കണ്ണ്നീര്                                                      :  2 കപ്പ്
വിയർപ്പ്                                                     : 1 ടേബിൾ സ്പൂണ്‍
രക്തം                                                            : 2 തുള്ളി
കരൾനീര്                                                     : 2 1/2 ടേബിൾ സ്പൂണ്‍
ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റ്‌                  : 1/2 കപ്പ് (ചെറുതായി നുറുക്കിയത് )
എല്ല് പൊടി                                                 : ഒരു നുള്ള്
പുഴുങ്ങിയ ഹൃദയത്തിന്റെ തെളി   : ആവശ്യത്തിനു .

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് ചവർപ്പുറ്റ കണ്ണീരിലേക്ക് ഒരു വലിയ ടേബിൾ സ്പൂണ്‍ വിയർപ്പിന്റെ ഉപ്പു ചേർക്കുക. നന്നായി യോചിപ്പിച്ചെടുത്ത മിശ്രിതത്തിലേക്ക്
രണ്ടോ മൂന്നോ രക്ത തുള്ളികൾ ചേർത്ത് ഇളക്കി യോചിപ്പിച്ച ശേഷം  5-10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കാം . ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രക്ത ഗ്രൂപ്പുകൾ ഓരോന്നും പല ഫ്ലെവർ പ്രധാനം ചെയ്യുമെങ്കിലും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പുകളാണ് ഏറ്റവും ഉചിതം . എസെൻസിനു ഇടിച്ചു പിഴിഞ്ഞ കരൾ നീര് ചേർത്തു കുറുക്കിയെടുത്ത മിശ്രിതത്തിലെക്കു നേരത്തെ വേവിച്ചെടുത്ത് മാറ്റി വച്ച ബോണ്‍ലെസ്സ്  ചോപ്പ്ട് മീറ്റിട്ടു  വറ്റിച്ചെടുക്കുക. പുഴുങ്ങിയെടുത്ത ഹൃദയത്തിന്റെ തെളിയുപയോഗിച്ചു തിളപ്പിച്ചെടുത്ത ശേഷം ചതച്ചെടുത്ത എല്ല് പൊടി വിതറാം . സ്വാതിഷ്ടമായ വിഭവം തയ്യാർ!

മരണശേഷം ഉപയോക ശൂന്യമായ ശരീരം കൊണ്ടുണ്ടാക്കിയ  റസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതട്ടെ . കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രീയങ്കരമായ വിഭവം വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് . ഡിന്നെറിനു മുൻപുള്ള സ്റ്റാർട്ടർ ആയോ , വറുത്ത തലച്ചോറിനോപ്പമോ ഉപയോഗിക്കാം. തികച്ചും ആരോഗ്യപ്രതവും രുചികരവുമായ ഈ വിഭവം നിങ്ങളേവരും ട്രൈ ചെയ്തു നോക്കുമെന്ന വിശ്വാസത്തോടെ  ഇതിലും  വ്യത്യസ്തമായ വിഭവങ്ങളുമായി taste time ഇനി അടുത്ത വാരം .

Monday, 30 September 2013

വാർദ്ധക്യം (മിനി കഥ )


വധുവിനെ ആവശ്യമുണ്ട്

നായർ യുവാവ് (72).പാപ ജാതകം ,7 ൽ ചൊവ്വ (ചതയം).
ex - military . വിഭാര്യൻ . സാമ്പത്തീകം, ജാതി തുടങ്ങിയവ പ്രശ്നമല്ല .സമ്പന്നൻ .
ഡിമാൻറ്റുകളില്ല . അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു .

NB : 18 നും 23 നും മധ്യയുള്ള സുന്ദരികളായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു . പുനർവിവാഹമോ ആദ്യ വിവാഹമോ ആവാം . വീട്ടുജോലി , ഹോം നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ബന്ധപ്പെടുക

ശങ്കര നാരായണൻ
കുലശേകരപുരം
തൃശൂർ 18

അനീതി (മിനി കഥ )

അതി വേഗം ബഹു ദൂര മാണ് സർക്കാർ!
നേട്ടങ്ങൾ ചില്ലറയല്ല , നൊട്ടുകെട്ടുകളായ് തന്നെയുണ്ട്‌ .
മുൻ‌തൂക്കം സുതാര്യമായ ഭരണശൈലിക്കായത് കൊണ്ട് ജനകീയനായ പുണ്യാളൻ പാവങ്ങളുടെ വിളി കേട്ടു.

അങ്ങിനെ ഒരു രൂപയ്ക്കു അരി നല്കി! .
മായം കലർന്ന മന്നെണ്ണയും ഉച്ചുകുത്തിയ ഗോതമ്പും നല്കി , ഒപ്പം കിടന്നുറങ്ങാൻ മൂന്നര സെന്റിൽ ബംഗ്ലാവും . പക്ഷെ അടപ്പ് കല്ലിനു മുകളിൽ തീ പുകയുമ്പോൾ മണ്‍കലത്തിലിട്ടു    വേവിച്ചേ ടുക്കാൻ  പുഴുത്ത അറിയോടൊപ്പം ശുദ്ധ ജലം മാത്രം വെചു നീട്ടാൻ വിസ്മരിച്ചു . അതിനു ഒരു ലിറ്റർറിന്റെ കുപ്പിക്ക്‌ പോലും ഇരുപതു രൂപ വീതം ചിലവുണ്ടായിരുന്നത്രേ !!!

മനപ്പൂർ വ്വ മല്ല തികച്ചും യാതിർശ്ചികം!

Thursday, 26 September 2013

കൂട്ടണോ അതോ കുറക്കണോ ?കൂട്ടിക്കൂട്ടി കുറഞ്ഞുപോയതിന്റെ പേര് 'കൂട്ടാന്‍'!
അപ്പോള്‍ കുറച്ചു കുറച്ചു കൂട്ടിയതോ ?
എന്ത് തന്നെയായാലും  കൂട്ടി കൂട്ടി വന്നപ്പോ ,
കണക്കു മാഷ് നന്നായി കുറച്ചു, വിചാരിച്ചതിലുമധികം!
കണക്കായി പോയ് !
അതുകൊണ്ടാവം കൂട്ടാന്‍ കൂട്ടിക്കൊണ്ടിരിക്കെ ,
കുറഞ്ഞ പേപ്പര്‍ കണ്ട അമ്മ ,
കുറച്ചു കുറച്ചായി കൂട്ടി വച്ച പൈസയത്രയും
ഒരു കൂറുമില്ലാതെ കൂടെക്കൊണ്ട് പോയത് .
കൂട്ടിക്കൂട്ടി വന്നപ്പോ കണക്കു മാഷ് കുറച്ചതിന്റെ കുറവ്
എത്ര കൂടുതലാവുമെന്നു കരുതിയില്ല !
ഇപ്പൊ ഞാന്‍ വീണ്ടും കൂട്ടുകയാ,
കുറച്ചു മുന്‍പേ പീച്ചിക്കൂട്ടിയ കുറഞ്ഞ

മാര്‍ക്കിന്റെ കൂട്ടത്തില്‍ കൂടാത്ത കടലാസ് കഷ്ണങ്ങള്‍ ...!
!

Wednesday, 25 September 2013' 5'3'' ഉള്ള  കല്ലറ  വെട്ടൂ
എന്നിലെ മനുഷ്യന്‍  മരിച്ചി രിക്കുന്നു .
മൂന്നാം പക്കം  ഉയര്‍ത്തെണീക്കാന്‍
ഉള്ളിലെ തീവ്രമോഹങ്ങള്‍
മുറവിളി കൂട്ടും  മുന്‍പേ
ചീഞ്ഞളിഞ്ഞ ഹൃദയം മറവു ചെയ്യൂ'   

     

പ്രണയം പൂത്ത കഥ

പ്രണയം   പൂത്തു,
തൃസന്ധ്യ ചുവന്നപാടെ
മിഴികള്‍ കൂമ്പി അടഞ്ഞ നേരം,
മദാലസയായ ചുണ്ടുകള്‍
വിറയാര്‍ന്ന നിമിഷം ,
കവിള്‍ത്തടം തുടുത്തൂ,
കുപ്പിവളകളുടഞ്ഞു,
കൊലുസ്സിന്റെ താളമിടറി!
ടിക് ടിക് ശബ്ദവും ,
അലങ്കോലമായ ഹൃദയത്തിന്റെ
നാലറകളും നാണത്താല്‍
മുഖം   പൊത്തി!
പ്രണയം   പൂക്കുകയായിരുന്നു ...
കാന്‍സര്‍ കോശങ്ങള്‍
കത്തിപടരും   പോലെ ,
ഹൃദയ ഭിത്തികളില്‍
പടര്‍ന്നു   കയറീ  പ്രണയം .
അത്  പൂത്തൂ, കായ്ച്ചു .
(ദു:)ഗന്ധം  പരത്തീ...
വീണ്ടും പൂത്തു കൊണ്ടേയിരുന്നു .
പൂത്തു പൂത്തു പൂപ്പല്‍ കയറി ,
വ്രണം നരച്ചു വികൃതമായ
പ്രണയം ചത്തു...!
എന്നിട്ടുമതു പൂത്തുകൊണ്ടേയിരുന്നു,
കീമോ കഴിഞ്ഞിട്ടും
വിട്ടൊഴിയാത്ത
അര്‍ബുദമെന്ന പോല്‍ !

യൂഷ്വൽ ക്ലീഷേ ഫോണിംഗ്‌പരിഷ്കരിച്ച നിയമാവലി

ആക്റ്റിവിറ്റി മോഡൽ

"ഹലോ, ആരാ ?"
[നിർബന്ധമായ നിയമം ' hell' ow]
"ഇത് ഞാനാ ഐസക്‌ " [ പേര്  ]
"എന്തൊക്കെയുണ്ട് വിശേഷം ?"
[ടെലിഫോണ്‍ സംഭാഷണത്തിന്റെ ആദ്യ പടി .
മുൻകൂട്ടി രചിച്ച ചോദ്യം നമ്പർ 1]

"ഓ,നല്ല വിശേഷം.പതിവില്ലാതെ എന്താ ഒരു ഫോണ്‍ കാൾ ?"
[റെഡിമയ്ഡ് മറുപടി  !  ]
"പ്രത്യെകിച്ചോന്നുല്ല .  എന്താ പരുപാടി ? "
[ഇതിന്റെ പേരാണ്  കുശലന്യേഷണം.]

*1 "ഇന്ന് സണ്‍‌ഡേ അല്ലെ  , ഓഫീസുണ്ടായിരുന്നില്ല . ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട്. പിന്നെന്താ , ഇപ്പൊ fb യിലാ . ചെട്ടത്തീം കുട്ട്യോളും എവിടെക്കാ പോയെ?
ഞാൻ ഈ ഉമ്മറപടിയിലിരിപ്പുണ്ടായിരുന്നു.പക്ഷെ അവരാരും കണ്ടില്ല  ."

*2 "ഷോപ്പിംഗിനു പോയതാ . കൊറച്ചുകൂടി കഴിഞ്ഞാൽ friends ഉം relatives സോക്കെ എത്തില്ലേ ....
ഞാനത് മറന്നു ! നിന്നെ വിളിച്ചത് എന്തിനാന്നു വെച്ചാൽ ,വല്ല്യേ കാര്യോന്നും ഇല്ല .... ഇന്നലെ നമ്മുടെ അമ്മ ഉരുണ്ടുവീണു മരിച്ചു . നീ നല്ല ഉറക്കമായിരുന്നതുകൊണ്ട് disturb ചെയ്യണ്ടാന്ന് കരുതി . busy അല്ലെങ്കിൽ താഴേക്ക്‌ ഒന്ന് വന്നിട്ട് പോ. event management group  നെ എല്പ്പിച്ചിട്ടുണ്ട് .      "

*3 "ഒരു മിനിറ്റെ..., ഒന്ന് രണ്ടു notifications കൂടി  പെന്റ്റിംങ്ങുണ്ട്. അതൊന്നു ചെക്ക്‌ ചെയ്തിട്ട്  പാർലറിലൊന്നു കേറിയൊരു cleanup ഉം കഴിഞ്ഞു വരം. see you bye . "
"take care sweety ,bye"
[സംഭാഷണത്തിന്റെ അന്ത്യ ഭാഗം തെനൊലിക്കുന്ന പഞ്ഞി വാക്കുകളായാൽ ആത്മ ബന്ധം ആഴമുള്ളതായി അനുഭവപ്പെട്ടേക്കാം ]

NB :
 note  1:    *1,*2,*3 മുതലായ ശകലങ്ങളിൽ വിഷയാവതരണത്തിൽ  മാത്രം               വ്യതാസം  നല്കി വിവിധ  സന്ദർഭങ്ങളിൽ പരാമർശിക്കാവുന്നതാണ്!
note   2:   ചില new generation പ്രയോഗങ്ങൾ മേമ്പോടിയായി കുത്തിനിറയ്ക്കുന്നതും  പൊള്ളയായ വാക്കുകൾക്കു പുതുരൂപമെകാൻ സഹായകമാവും ..

Monday, 23 September 2013

ദേവാസുരം
 ദേവന്മാരെ    മാത്രം   തേടിയോ   ഈ   യാത്ര ?
 എങ്കിൽ    ഓർക്കുക ,
 ദേവന്മാരിലും    അസുരഗണമുണ്ട്!
 രാക്ഷസന്മാരിലും   നന്മ   നിറഞ്ഞ   ദേവന്മാരുണ്ട് !

Saturday, 21 September 2013

ഇവൾ സു'കന്യ'


അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി   ചുംബിച്ചു ,  ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു.  വെറും ആറു  അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ   ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .

ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ  വലിയലോകത്തെ ചെറിയ   ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട്  പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും .  'വേ 'യില്‍  തുടങ്ങി  'ശ്യ '  യില്‍   അവസാനിക്കുന്ന   രണ്ടക്ഷരംകൊണ്ട് !

അതുകൊണ്ടു  മാത്രമാവാം മാന്യയായ * അവളതുചെയ്തത് .

[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി

*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .

*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]

ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ  കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix  ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന   കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !

Wednesday, 18 September 2013

ഭ്രാന്ത്
എനിക്കു ഭ്രാന്താണ് !
മുഴുത്ത 'ഭ്രാന്ത്' .
ഭ്രാന്തിയെപ്പോലെ
എല്ലാം   മറക്കാന്‍,
സമാധാനിക്കാന്‍
ഭ്രാന്തില്ലാത്ത ഈ
മുഴുഭ്രാന്തിക്കെങ്ങനെയാണാവുക?

ഇന്നെന്റെ മരണമായിരുന്നു

നിങ്ങൾക്കറിയുമോ ?
ഇന്നെൻറെ      മരണമായിരുന്നു !
നിശ്ചയിച്ചുറ പ്പിച്ച      തീയതിയിൽ ,
രഹുകാലത്തിനപ്പുറം ,
വിനാഴികകൾക്കിടയിലൂടെ    ഊർന്നിറങ്ങാൻ
മരണത്തെ      ഞാൻ    ക്ഷണിച്ച     സുദിനം !
പക്ഷെ ,    ഞാനാ    സത്യം     തിരിച്ചറിഞ്ഞിരിക്കുന്നു -
നാളുകളായ്     മരണമെന്നെ     വന്ജിക്കുകയായിരുന്നെന്ന    നഗ്നസത്യം .
തെക്കോട്ടു    തിരിയിട്ട   നിലവിളക്കും
ഒരുക്കിവച്ച   കോടിമുണ്ടും
വലിച്ചെറിഞ്ഞശുദ്ധമാക്കിയിട്ടും
കലിയടങ്ങാതെ - വായ്ക്കരിക്കൊരുക്കിയ  പച്ചരിയും  കുഴിച്ചുമൂടി.


ഞാൻ    ക്ഷണിച്ചു    വരുത്തിയ   എന്റെ    മരണം
വഴിമദ്ധ്യേ    പരസ്ത്രീകളുമായി      മടങ്ങുകയായിരുന്നത്രേ
ഒടുക്കം     ഇനിയൊരിക്കലും    കാണാൻ    മുതിരരുതെന്ന
തക്കീതോടെ    കത്തയച്ചുകൊണ്ട് -
പീ ഡിതനായ    ഉടയവനു     മുൻപിൽ    മുട്ടുമടക്കി ,
തപസാരംഭിച്ചു    -
ഭീഷ്മ    പിതാമഹന്റെ    ശരശയ്യക്ക് വേണ്ടി!

കുരിശുയുദ്ധം
ഞാൻ   ഒരു   കുരിശാണ് !

പൊന്നിൻ കുരിശോ   അതോ   ചപ്പാകുരിശോ -
യെന്നു    തീരുമാനിക്കെണ്ടാവർ   നിങ്ങൾ    തന്നെ !

തിരഞ്ഞെടുക്കാം 
ഇതാ   ഈ  കവാടങ്ങൾക്കപ്പുറത്തെ -
വെണ്ണകല്ലിൽ   പതിയിരിക്കും
നന്മ    നിറഞ്ഞ   രാക്ഷസിയെ
ഉപേക്ഷിക്കയുമാവം !.

Saturday, 1 June 2013

അപരിചിതൻ

  
ഇനിയുമീ  പ്രണയം പേറുവാൻ വയ്യ !
അപരിചിതനായ  പരിചിതനു വേണ്ടി ,
ഇനിയുമീ  പ്രണയം പേറുവാൻ  വയ്യ .
ഇരുളിൻറെ  ജാലക  പാളികൾ നീക്കി 
ഇനിയുമീ  മിഴികൾ തെങ്ങുന്നതെന്തിനൊ ?
 സുപരിചിതനായോ  അപരന്നു  വേണ്ടിയോ -
അതോ  , പിറവികൊണ്ടുടനെ  യമപുരി പൂകിയ
ചാപിള്ളയാം  നിർമല  പ്രണയത്തിനായോ ?

Tuesday, 2 April 2013

പട്ടിണിപാവങ്ങൾ


യക്ഷികള്‍ പട്ടിണിയിലായി !
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന  അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും   സമ്പവിച്ചുവെന്നിരിക്കെ  'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും .  അഥവ  യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ  കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ   കടന്നു കളയനാകും ?'

'അങ്ങിനെ  ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍  എന്ന ചീത്ത പേര് നിലനില്‍ക്കെ    സദാചാര  വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു  കിട്ടിയാല്‍ പാടെ  നാണക്കേടാകുമേന്നതില്‍  സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു  ജീവിക്കുകയല്ലാതെ  മറ്റെന്തു മാര്‍ഗം ?

'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'

ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :

'ആലില്‍  ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ  യീ ജീവിതം !

ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍  ഈ വംശം  തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച  ! പിന്നെ  നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍  മാത്രം ഭാക്കി . '

മന്ദഹസിച്ചു കൊണ്ട് ദൈവം  മറുപടി നല്‍കി :

'പ്രിയ  സോദരിമാരെ , ഈ  നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു  യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍  എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും  ശരവേഗത്തില്‍ പറന്നുയരുകയും  ചെയ്യുന്ന ഭീകര സത്വങ്ങളായി

പരിണ മിച്ചുകൊല്ലുക  .'

ദൈവം കല്‍പിച്ചു :

'യക്ഷികള്‍  ഇനിമുതല്‍  കൊതുകുകളായി  പരിണമിച്ചു  കൊള്ളുക !!!'