Saturday 21 September 2013

ഇവൾ സു'കന്യ'


അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി   ചുംബിച്ചു ,  ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു.  വെറും ആറു  അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ   ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .

ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ  വലിയലോകത്തെ ചെറിയ   ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട്  പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും .  'വേ 'യില്‍  തുടങ്ങി  'ശ്യ '  യില്‍   അവസാനിക്കുന്ന   രണ്ടക്ഷരംകൊണ്ട് !

അതുകൊണ്ടു  മാത്രമാവാം മാന്യയായ * അവളതുചെയ്തത് .

[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി

*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .

*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]

ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ  കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix  ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന   കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !

No comments:

Post a Comment