Friday 10 August 2018

ഒളിവിലെ ഓർമ്മകൾ

ഒളിവിലെ ഓർമ്മകൾ

ഒളിവിലെ ഓർമ്മകളെ പറ്റിയല്ലിത്,
തോപ്പിൽ ഭാസിയുടേതുമല്ല.
ഒളിച്ചു സൂക്ഷിച്ച ഓർമ്മകളെ കുറിച്ചാണ്.
 വിപ്ലവമോ,കുരുതിയോ, ഒളിപ്പോരോയില്ല.
ജയിലറകളുടെ കരച്ചിലില്ല .
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയ ' നാടകത്തിന്റെ -
പണിപ്പുരകളിൽ പുകഞ്ഞുതീർത്ത ബീഡി കുറ്റികളെ പറ്റിയുമല്ല!
ലാത്തി തുപ്പിയ ചോരയുടേയോ ,
തലച്ചോറു ചതച്ച വെടിയുണ്ടകളുടേയോ കഥയല്ലിത്.

ഒളിച്ചു വച്ച ഓർമ്മകളെ കുറിച്ചാണ്.
ഓക്കാനവും മനംപുരട്ടലും കൊണ്ട്
ഓർമ്മകൾ നീരു കെട്ടിയ നെഞ്ചിൽ ഈറ്റുചോര കിനിയുന്നു.
മാസം തികഞ്ഞ പെണ്ണിന്റെ-
വയറു കടയുന്ന ചൂടിൽ വെന്ത ഓർമ്മകൾ-
മുക്കിയും മൂളിയും പിറുപിറുക്കുന്നു.
ഓർമ്മകളിൽ നിന്ന് ഓർമ്മകളെ പെറ്റ പെണ്ണിന്റെ ഞരുക്കങ്ങളാണവ.
ഒളിവിൽ സൂക്ഷിച്ചവ.

ഒർമ്മകൾ!
വെയിലേൽക്കാത്ത പുസ്തകത്തി -
ന്നകത്തൊളിപ്പിച്ച മയിൽ പീലിയെ  പോലെയാണ് .
ഇരുട്ടിൽ,
ഉറക്കമില്ലാത്ത ഇരവിൽ
ഇരട്ടിക്കിരട്ടിയായത് പെറ്റുപെരുകുന്നു.
പിറന്ന കുഞ്ഞിന്റെ ആർത്തിയോടെ
നിറഞ്ഞ അകിടു തേടുന്നുണ്ടവ.
വിശപ്പാൽ ഞളിപിരി പൂണ്ട ഓർമ്മകളോട്
അലറിക്കരഞ്ഞ് ആളെയുണർത്തരുതെന്ന്-
അടക്കം പറയുന്നുണ്ട് ഞാൻ!
ഇത് തോപ്പിൽ ഭാസിയുടേതല്ല,
ഒളിവിലെ ഓർമ്മകളെ പറ്റിയുമല്ല.
ഒളിച്ചു സൂക്ഷിച്ച ഓർമ്മകളെ                കുറിച്ചാണ്.

No comments:

Post a Comment