Wednesday, 9 October 2013
Monday, 7 October 2013
(അ) നീതിമാനായ (അയോധ്യാധി)പതി
നാം എന്നും അങ്ങിനെയാണ് !
പൗർണ്ണമിക്കു മറവിലെ അമാവാസിയെ പാൽ നിലാവ് കൊണ്ട് മറച്ചു പിടിക്കും . ശേഷം നിർമ്മലതയുടെ പളുങ്കു സൗദങ്ങൾക്കുള്ളിൽ കുടിയിരുത്തി ബാവുൾ ഗീതകങ്ങളാൽ വാഴ്ത്തി പാടും !
യാഥാർത്യത്തിൽ ആരായിരുന്നു ശ്രീ രാമചന്ദ്രൻ ?
നീതിമാനായ അയോധ്യാധിപനോ അതോ ധർമ്മ പത്നിയോട് പോലും അനീതി പ്രകടമാക്കിയ ശിലാ വിഗ്രഹമോ ?
സൂര്യ വംശജനായ ദശരഥൻറെയും പത്നി കൗസല്യയുടെയും പ്രിയ പുത്രൻ., പ്രജാതൽപരൻ ,ത്യാഗമെന്ന രണ്ടക്ഷരത്തിൻറെ ജ്വലിക്കുന്ന നേർചിത്രം ! രണകണങ്ങളിലെ ചുവന്ന രക്താണുക്കളെന്ന പോൽ എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര വിശേഷണങ്ങൾ പാരാവാരം പോലെ പടര്ന്നു കിടപ്പുണ്ട് !
ഒരു പക്ഷെ ടെലിവിഷൻ പരമ്പരകളിലൂടെയും കീർത്തി സ്ഫുരിക്കുന്ന രാമായണ കഥാ തന്തുക്കളിലൂടെയും മാത്രം രാമനെ നോക്കി കണ്ട നമുക്ക് ചില വാസ്തവങ്ങൾ എന്നും കയ്ക്കുക തന്നെ ചെയ്യും .
പരിശുദ്ധയാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും പൂർണ്ണ ഗർഭിണിയായ സ്വപത്നിയെ വനമധ്യത്തിൽ ഉപേക്ഷിക്കപെടുന്നതാണോ നീതി ? അതിനെയാണോ നാം ത്യാഗമെന്ന ലേബൽ നല്കി കാലമിത്രയും വാഴ്ത്തി പാടിയത് ?കേവലം ഒരു പ്രജയെന്ന പരിഗണന പോലും നൽകാതെ, വിചാരണകളോ,വിശദീകരണങ്ങളോയില്ലാതെ അവൾ അവഗണിക്കപ്പെട്ടു! ഒപ്പം നീതിയുടെ കവാടങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടഞ്ഞു ! ഊണിലും ഉറക്കത്തിലും പാതിവ്രത്യം പുലർത്തിയതിൻറെ മൃകീയമായ ശിക്ഷ , അഥവാ 'കാട്ടു നീതിയുടെ' നീതി യുക്തമായ നടപടി ! അതിനും വിശദീകരണമുണ്ട് - പ്രജാതൽപരനായ രാമൻ ജനഹിതം മാനിച്ചു ജാനകിയെ പോലും ഉപേക്ഷിക്കുവാൻ ഉപേക്ഷ വരുത്തിയില്ലത്രേ. തങ്ങളുടെ ഹിതത്തിനും അഹിതത്തിനുമധിഷ്ടിതമായി വാതങ്ങൾ നിരത്തി വളച്ചൊടിക്കുന്ന സമൂഹത്തിൻറെ മുറവിളികൾ , അക്ഷരംപ്രതി ശിരസാവഹിക്കുകയും തൻറെ പ്രതിഛായയിൽ ആശങ്കാകുലനാവുകയും ചെയ്യുന്ന ഭരണാധികാരി എങ്ങിനെയാണ് ഉത്തമമായ ഭരണതന്ത്രങ്ങൾ കൈക്കൊള്ളുക ?
ഏകപത്നി വ്രതമനുഷ്ടിച്ചിട്ടും ധർമ്മ പത്നിയോട് അനീതി പുലർത്തിയ കീർത്തിമാനായ പതി! സമൂഹത്തെ ഭയന്നു മനസാക്ഷിയുടെ കണ്ണുകൾ അടച്ചു കെട്ടുന്നതിൽ ,മഹാവിഷ്ണുവിൻറെ ആര്യവംശജനായ അവതാരപുരുഷൻ ഒട്ടും തന്നെ ജാള്യത പ്രകടമാക്കിയില്ലെന്നത് പ്രത്യക്ഷമായ രഹസ്യമാണ് .
ഉപേക്ഷിക്കപെട്ട ശേഷം ഒരിക്കലെങ്കിലും രാമൻ ജാനകിയെ കുറിച്ച്
തിരക്കിയറിഞ്ഞിരുന്നതായി അധ്യാത്മ രമായണത്തിലോ അനുബന്ധ കൃതികളിലോ രേഖപ്പെടുത്തിയതായി ഓർക്കുന്നില്ല. അഥവാ ഒരിക്കലെങ്കിലും അതെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ രാഘവൻ, സ്വപുത്രന്മാർക്കു ജീവിച്ചിരിക്കെ പിതൃ വിയോഗം പ്രധാനം ചെയ്യുമായിരുന്നില്ലല്ലൊ ? ഒടുക്കം അഗ്നി പരീക്ഷയും നടത്തി വിശുദ്ധി വെളിവാക്കിയ ജനക പുത്രി ജാനകി ജനനിയിലേക്ക് തന്നെ ആഴ്ന്നിറങ്ങേണ്ട ഗതികേട് വരുത്തി കൂട്ടിയതും രാമൻ തന്നെ ! തന്റെ പാതിവ്രത്യ ശുദ്ധിയിൽ ആകുലനായ പതിയെക്കാൾ എന്താണ് ഒരു സ്ത്രീ പേറെണ്ട ത്യാഗം ?
എങ്കിൽ പറയൂ എവിടെയാണ് കൗരവ സഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയുടെയും, പതീവിയോഗത്തിൽ നീതി നിഷേധിക്കപ്പെട്ട കണ്ണകിയുടെയും ഇരിപ്പിടങ്ങൾ ? എവിടെയാണ് വേശ്യാലയത്തിലേക്ക് സ്വന്തം പതിയെ വഴികാട്ടേണ്ടി വന്ന ശീലവതിയുടെയും, സ്വയം വര വേളയിൽ സ്വയം അപമാനിതയായ അംബയുടേയുമെല്ലാം സ്ഥാനം ? പറയൂ പുരാണങ്ങളിലോ അതോ അതിനുമപ്പുറമെവിടെയെങ്കിലുമൊ?
ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്ന പോൽ മൗനിയായ രാമനാൽ അവഗണിക്കപ്പെട്ടവളാണ് സീത .ഇനിയും ഓരോ കറുത്ത ഏടുകൾക്കും നാം സ്വയം ന്യായങ്ങൾ മെനഞ്ഞെടുത്തു കൊണ്ടേയിരിക്കും !
ഈ രാമരാജ്യത്തിന് വേണ്ടിയോ നാം പോർക്കളങ്ങൾ പടുത്തുയർത്തുന്നത്? വീണ്ടും വീണ്ടും ബാബറികൾ തച്ചുടച്ചു അയോധ്യകൾ പുനരാവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്നത്?
തീർച്ചയില്ല!!!
ഇനിയും രാമായണ പുണ്യം തേടി നാലമ്പല ദർശനം പ്രാപ്തമാക്കുമ്പോൾ ഈ കൈപ്പുനീരോക്കെയും കണ്Oമറിയാതെ നാം വിഴുങ്ങിയെന്നിരിക്കും !
പഞ്ഞ കർക്കിടകത്തിൻറെ വരൾച്ച മായ്ക്കാൻ ഇനിയുമീ കൈകൾക്കിടയിലൂടെ രാമായണത്തിൻറെ ഏടുകൾ മറഞ്ഞെന്നുമിരിക്കും. എപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!
Sunday, 6 October 2013
പരിണാമം
ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .
"ഈ ശിരസ്സ് തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ് വലിയ ബുദ്ധിമുട്ട് തന്നെ ! "
ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .
"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു "
എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?
ഹേമന്തത്തിൽ നിന്ന് ശിശിരത്തിലേക്ക് രക്ഷപ്പെട്ടെത്തിയ പരധൂഷണ കാറ്റു പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!
നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -
" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ് ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"
കിംവദന്തി കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .
"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?"
"അതിന്റെ ഉത്തരാമാണ് പരിണാമം "
മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!
Wednesday, 2 October 2013
മനുഷ്യ സൂപ്പ്
ചേരുവകൾ
കണ്ണ്നീര് : 2 കപ്പ്
വിയർപ്പ് : 1 ടേബിൾ സ്പൂണ്‍
രക്തം : 2 തുള്ളി
കരൾനീര് : 2 1/2 ടേബിൾ സ്പൂണ്‍
ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റ് : 1/2 കപ്പ് (ചെറുതായി നുറുക്കിയത് )
എല്ല് പൊടി : ഒരു നുള്ള്
പുഴുങ്ങിയ ഹൃദയത്തിന്റെ തെളി : ആവശ്യത്തിനു .
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് ചവർപ്പുറ്റ കണ്ണീരിലേക്ക് ഒരു വലിയ ടേബിൾ സ്പൂണ്‍ വിയർപ്പിന്റെ ഉപ്പു ചേർക്കുക. നന്നായി യോചിപ്പിച്ചെടുത്ത മിശ്രിതത്തിലേക്ക്
രണ്ടോ മൂന്നോ രക്ത തുള്ളികൾ ചേർത്ത് ഇളക്കി യോചിപ്പിച്ച ശേഷം 5-10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കാം . ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രക്ത ഗ്രൂപ്പുകൾ ഓരോന്നും പല ഫ്ലെവർ പ്രധാനം ചെയ്യുമെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകളാണ് ഏറ്റവും ഉചിതം . എസെൻസിനു ഇടിച്ചു പിഴിഞ്ഞ കരൾ നീര് ചേർത്തു കുറുക്കിയെടുത്ത മിശ്രിതത്തിലെക്കു നേരത്തെ വേവിച്ചെടുത്ത് മാറ്റി വച്ച ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റിട്ടു വറ്റിച്ചെടുക്കുക. പുഴുങ്ങിയെടുത്ത ഹൃദയത്തിന്റെ തെളിയുപയോഗിച്ചു തിളപ്പിച്ചെടുത്ത ശേഷം ചതച്ചെടുത്ത എല്ല് പൊടി വിതറാം . സ്വാതിഷ്ടമായ വിഭവം തയ്യാർ!
മരണശേഷം ഉപയോക ശൂന്യമായ ശരീരം കൊണ്ടുണ്ടാക്കിയ റസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതട്ടെ . കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രീയങ്കരമായ വിഭവം വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് . ഡിന്നെറിനു മുൻപുള്ള സ്റ്റാർട്ടർ ആയോ , വറുത്ത തലച്ചോറിനോപ്പമോ ഉപയോഗിക്കാം. തികച്ചും ആരോഗ്യപ്രതവും രുചികരവുമായ ഈ വിഭവം നിങ്ങളേവരും ട്രൈ ചെയ്തു നോക്കുമെന്ന വിശ്വാസത്തോടെ ഇതിലും വ്യത്യസ്തമായ വിഭവങ്ങളുമായി taste time ഇനി അടുത്ത വാരം .
Subscribe to:
Posts (Atom)







