Friday, 10 August 2018

ഒളിവിലെ ഓർമ്മകൾ

ഒളിവിലെ ഓർമ്മകൾ

ഒളിവിലെ ഓർമ്മകളെ പറ്റിയല്ലിത്,
തോപ്പിൽ ഭാസിയുടേതുമല്ല.
ഒളിച്ചു സൂക്ഷിച്ച ഓർമ്മകളെ കുറിച്ചാണ്.
 വിപ്ലവമോ,കുരുതിയോ, ഒളിപ്പോരോയില്ല.
ജയിലറകളുടെ കരച്ചിലില്ല .
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയ ' നാടകത്തിന്റെ -
പണിപ്പുരകളിൽ പുകഞ്ഞുതീർത്ത ബീഡി കുറ്റികളെ പറ്റിയുമല്ല!
ലാത്തി തുപ്പിയ ചോരയുടേയോ ,
തലച്ചോറു ചതച്ച വെടിയുണ്ടകളുടേയോ കഥയല്ലിത്.

ഒളിച്ചു വച്ച ഓർമ്മകളെ കുറിച്ചാണ്.
ഓക്കാനവും മനംപുരട്ടലും കൊണ്ട്
ഓർമ്മകൾ നീരു കെട്ടിയ നെഞ്ചിൽ ഈറ്റുചോര കിനിയുന്നു.
മാസം തികഞ്ഞ പെണ്ണിന്റെ-
വയറു കടയുന്ന ചൂടിൽ വെന്ത ഓർമ്മകൾ-
മുക്കിയും മൂളിയും പിറുപിറുക്കുന്നു.
ഓർമ്മകളിൽ നിന്ന് ഓർമ്മകളെ പെറ്റ പെണ്ണിന്റെ ഞരുക്കങ്ങളാണവ.
ഒളിവിൽ സൂക്ഷിച്ചവ.

ഒർമ്മകൾ!
വെയിലേൽക്കാത്ത പുസ്തകത്തി -
ന്നകത്തൊളിപ്പിച്ച മയിൽ പീലിയെ  പോലെയാണ് .
ഇരുട്ടിൽ,
ഉറക്കമില്ലാത്ത ഇരവിൽ
ഇരട്ടിക്കിരട്ടിയായത് പെറ്റുപെരുകുന്നു.
പിറന്ന കുഞ്ഞിന്റെ ആർത്തിയോടെ
നിറഞ്ഞ അകിടു തേടുന്നുണ്ടവ.
വിശപ്പാൽ ഞളിപിരി പൂണ്ട ഓർമ്മകളോട്
അലറിക്കരഞ്ഞ് ആളെയുണർത്തരുതെന്ന്-
അടക്കം പറയുന്നുണ്ട് ഞാൻ!
ഇത് തോപ്പിൽ ഭാസിയുടേതല്ല,
ഒളിവിലെ ഓർമ്മകളെ പറ്റിയുമല്ല.
ഒളിച്ചു സൂക്ഷിച്ച ഓർമ്മകളെ                കുറിച്ചാണ്.

Saturday, 19 October 2013

സസ്നേഹം സ്വാമി .













ഐസക്,

ഈ കൈപ്പട നിനക്കപരിചിതമായിരിക്കാം ,എങ്കിലും സ്വാമിയെന്ന പേര് മറന്നിട്ടുണ്ടാവില്ലെന്നു കരുതട്ടെ !
ഭയപ്പെടേണ്ട . ഈ കത്ത് നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !
ഓർക്കുന്നുണ്ടോ ചന്ദ്രയെ, അതോ മനപ്പൂർവ്വം വിസ്മരിച്ചോ ?
ഇല്ലയ്സ്സക് , എനിക്കുറപ്പുണ്ട്  നിനക്കതിനു സാധിക്കില്ല ! കാരണം അവൾക്കു നീ ആരായിരുന്നെന്ന്  മറ്റാരെക്കാളും നന്നായെനിക്കറിയാം . പക്ഷെ നീ .....

പലപ്പോഴും വിലക്കിയിരുന്നു ഞാൻ , എന്നിട്ടുമവളിൽ  ഇത്തികണ്ണിയെന്നപോൽ നീ പടർന്നു കയറിയ  നിമിഷം എന്നിലെ ചന്ദ്രയെ നഷ്ടമാവാതിരിക്കാൻ അവളിലെ മോഹങ്ങൾക്ക്‌ ഞാനും മൗനമായി വഴിമാറി .
അവിടെയാണയ്സ്സക് നീ ആദ്യമായെന്നെ പരാചിതനാക്കിയത്.
ചന്ദ്രയെനിക്ക് വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല - അതിനുമതിനുമപ്പുറമെന്തൊ ... ആ വിചിത്രമായ അനുഭൂതിയെന്തെന്ന് ഇന്നും ഞാൻ അറിയാതെ പോയി !

ഒടുക്കം നീ അവളെയും വലിച്ചെറിഞ്ഞു !
രസകരമായൊരു തമാശകഥ പോലെ .

ഇല്ല , ഇനിയുമീ വ്രണം പടർന്ന ഓർമ്മകളിലെ പുണ്ണ് ചികഞ്ഞെടുക്കുന്നില്ല ഞാൻ . കാരണം ഇത് നിന്റെ നേട്ടങ്ങളുടെ കത്താണ് !

ഏറ്റവും  സന്തോഷമായോന്നു പറയട്ടെ ? ഹൃദയം കൊതിക്കുന്ന വാർത്ത?
"വിഷാതരോഗിയായ  അവൾ  ഇന്നലെയൊരു സാരിതുമ്പിൽ ജീവൻ വെടിഞ്ഞു !
 ഭയപ്പെടാതെ ജീവിച്ചോളൂ - അടഞ്ഞ വാതിലുകളിൽ ആഞ്ഞു മുട്ടാൻ ഇനിയവളില്ല." ഒടുക്കം അവിടെയും നീ വിജയിച്ചു , വീണ്ടും വിഡിയാക്കപ്പെട്ടത്  ഞാൻ മാത്രം !

ഒരുപക്ഷെ ഈ കത്തിലൂടെ കണ്ണോടിക്കാൻ നീ ശേഷിക്കില്ലായിരുന്നു - അതും ചന്ദ്രയുടെ തമാശയാണയ്സ്സക് .
ഒരിക്കലും നിന്നെ വ്രണപ്പെടുത്താതിരിക്കാൻ   അവളെന്നെ കൊണ്ട് സത്യവും ചെയ്യിച്ചിരുന്നു ... അവൾക്കു നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരേക്കും ഞാൻ തകർത്തിട്ടില്ല. ഇനിയുണ്ടാവുകയുമില്ല .

നിനക്കെന്നെ പൂർണ്ണമായും വിശ്വസിക്കാം - ഇനിയൊരിക്കലും ഒന്നും നിന്നെ പിൻതുടരുകയില്ല . ഒരു കത്തു പോലും ...

കാരണം ഇതു നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !

സസ്നേഹം
സ്വാമി .

Wednesday, 9 October 2013

മിഴി രണ്ടിലും


വരച്ചു തീർന്നപ്പൊൾ യഥാർത്ഥ ചിത്രത്തെക്കാൾ വലിയ വ്യത്യാസം വന്നു . കുറെ തെറ്റുകലുണ്ടെങ്കിലും പൂർണ്ണതയില്ലെങ്കിലും update ചെയ്യട്ടെ


ശരിയായ ചിത്രത്തോട് തീരെ സാമ്യമില്ലാത്തത് കൊണ്ട് ഒപ്പം വയ്ക്കുന്നില്ല! :) ......
:)